വിലങ്ങാട്: വായാട് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപോത്തിന്റെ പരാക്രമത്തിൽ കർഷകന് പരിക്കേറ്റു. വായാട് ഉന്നതിയിലെ സി.സി. ദാരപ്പനാണ് (55) പരിക്കേറ്റത്.
വയനാട് വനമേഖലയോട് ചേർന്ന നെല്ലിപ്പുഴ എസ്റ്റേറ്റിൽ ജോലി കഴിഞ്ഞ് ഉന്നതിയിലേക്ക് ഭാര്യ ശാന്തയോടൊന്നിച്ച് പോവുന്നതിനിടെ കൃഷിയിടത്തിൽ തമ്പടിച്ച കാട്ട് പോത്ത് ദാരപ്പന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇരുവരും ഭയന്നോടുന്നതിനിടെ ദാരപ്പൻ തെന്നി വീഴുകയും കാലിനും നട്ടെല്ലിനും ക്ഷതമേൽക്കുകയുമായിരുന്നു. പരിക്കേറ്റ ദാരപ്പൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഉന്നതി പരിസരങ്ങളിൽ വയനാട് വനത്തിൽ നിന്ന് ഇറങ്ങുന്ന കാട്ടുപോത്തുകളുടെ എണ്ണം വർധിക്കുന്നതായും പകൽ സമയങ്ങളിൽ വീടുകളുടെ പരിസരങ്ങളിൽ വരെ ഇവ എത്തുന്നതായും ഉന്നതി നിവാസികൾ പറഞ്ഞു.
വനമേഖലയോട് ചേർന്ന ഫെൻസിംഗ് ലൈനുകളിൽ രാത്രിയിൽ മാത്രമാണ് വൈദ്യുതി പ്രവാഹം ഉള്ളത്. എന്നാൽ പകൽ സമയങ്ങളിലാണ് വന്യ മൃഗങ്ങൾ കാടിറങ്ങി കൃഷിയിടത്തിലെത്തുന്നത്. വിവരമറിഞ്ഞ് വിലങ്ങാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് കാട്ടുപോത്തിനെ കാട് കടത്തിയത്.